Tuesday, August 10, 2010

വര്‍ക്കിച്ചനും വെപ്പാട്ടികളും...

ഇതിനു മുമ്പ് എഴുതിയ രണ്ടു പോസ്റ്റുകളും നിങ്ങള്‍ രണ്ടു കയ്യും നീട്ടി സ്വീകരിച്ച സ്ഥിതിക്ക് ഞാന്‍ ആദ്യമായി ഒരു മലയാളം കഥ എഴുതിയ സാഹചര്യത്തെ കുറിച്ച് എഴുതാം.......

ആറ് വര്‍ഷങ്ങള്‍ക്കു മുമ്പ് ..കൃത്യമായി പറഞ്ഞാല്‍ 2004 ഒക്ടോബര്‍ 9 ശനിയാഴ്ച ....നാല് വര്ഷം കഴിഞ്ഞാല്‍ എന്‍ജിനിയര്‍ എന്ന ഡിഗ്രിയും കൂടെ തരപ്പെട്ടാല്‍ ഒരു ജോലിയും ഒപ്പിക്കാം എന്ന വ്യാമോഹവുമായി പെട്ടിയും കിടക്കയുമായി  ചെങ്ങന്നൂരില്‍ കാലു കുത്തിയ ദിവസം ....ക്ലാസ്സ്‌ തുടങ്ങുന്നത് തിങ്കളാഴ്ച ആണെങ്കിലും രണ്ടു ദിവസം മുമ്പ് തന്നെ ഞാനും പിന്നെ ഇരിങ്ങലക്കുടക്കാരന്‍ സമീറും ഹോസ്റ്റലില്‍ എത്തി...'താമര മെന്‍സ് ഹോസ്റ്റല്‍ '...ഒരു 'L -Shape' ല്‍ കിടക്കുന്ന മൂന്നു നില കെട്ടിടം..അതിനു നടുവിലായി ഒരു വലിയ മാവ്. അതില്‍ ഒരു ഊഞ്ഞാല്‍ ....എല്ലാം കൊണ്ടും നല്ല ശാന്തസുന്ധരമായ സ്ഥലം.. ആഴ്ചയുടെ അവസാനം ആയതു കൊണ്ട് ഹോസ്റ്റലില്‍ ഒന്ന് രണ്ടു സീനിയേര്‍സ്  അല്ലാതെ വേറെ ആരും ഉണ്ടായിരുന്നില്ല. അങ്ങനെ ഒരു ബോര്‍ അടിയോടെ ആദ്യത്തെ ദിവസം കടന്നു പോയി...ഞായറാഴ്ച ഉച്ച കഴിഞ്ഞതോടെ ഓരോരുത്തര്‍ ആയി എത്തിച്ചേരാന്‍ തുടങ്ങി.....പച്ചാളത്ത്  നിന്നും മുന്‍ഷി, എരുമെലിക്കാരന്‍ ക്രിസ്റ്റിന്‍, പാലയില്‍ നിന്നും ചെറിയാന്‍, കോട്ടയം എബി  അങ്ങനെ കുറച്ചു പേര്....എല്ലാവരും തമ്മില്‍ പരസ്പരം പരിചയപെട്ടു കൊണ്ട് മൂന്നാം നിലയില്‍ നില്‍കുമ്പോള്‍ ആണ് താഴെ പുതിയ ഒരുത്തന്‍ വരുന്നത്....ഒരു 6 അടി ഉയരം, നല്ല വെളുത്ത നിറം , ഒരു കറുത്ത ഷര്‍ട്ടും കയ്യില്‍ ഒരു 'diplomat ' പെട്ടിയും.....തിളക്കം സിനിമയില്‍ ' ഇത് പൊളിക്കാന്‍ കുറച്ചു സമയം എടുക്കും ' എന്ന് പറഞ്ഞു കൊണ്ട് തറവാടിനെ നോക്കുന്ന ദിലീപിനെ അനുസ്മരിക്കുനത് പോലെ പുള്ളി താഴെ നിന്നും ഹോസ്റ്റല്‍ മൊത്തത്തില്‍ ഒന്ന് നോക്കി....താഴെ അച്ചായന്റെ കയ്യില്‍ പൈസ ഒക്കെ അടച്ചു പുള്ളി മുകളിലേക്ക് കയറി വന്നു......

വന്നു കയറിയ ഉടന്‍ അവിടെ കൂടി നിന്നിരുന്ന ഞങ്ങളെ എല്ലാവരേം നോക്കി ഒരു തൊലിഞ്ഞ ചിരി പാസ്സാക്കി...പിന്നെ സ്വയം പരിചയപെടുത്തി..ഞാന്‍ സിബി മാത്യു ..സ്ഥലം കൂത്താട്ടുകുളം...
(പുള്ളിയുടെ ശരിയായ പേര് 'copy right act ' പ്രകാരം അനുവാധമില്ലാതെ ഉപയോഗിക്കാന്‍ പാടില്ലാത്തത് കൊണ്ട് ...ചതിക്കാത്ത ചന്തു വില്‍ ജയസുര്യ ഉപയോഗിച്ച 'തോട്ടക്കാട്ടുകര ബസുമതി' എന്ന സാങ്കല്പിക കഥാപാത്രം പോലെ ഞാന്‍ രൂപം കൊടുത്ത ഒരു കഥാപാത്രം മാത്രം  ആണ് ഈ 'കൂത്താട്ടുകുളം സിബി മാത്യു'.. ഈ പേരില്‍ ആരും ജീവിച്ചിരിപ്പില്ല എന്ന് വിശ്വസിക്കുന്നു ...). കൂടെ അവന്റെ അച്ഛന്‍ ഉണ്ടായിരുന്നത് കൊണ്ട് അധികം ഒന്നും സംസാരിക്കാതെ അവനും അച്ഛനും കൂടെ റൂമിലേക്ക്‌ പോയി. കുറച്ചു സമയം കഴിഞ്ഞപ്പോള്‍ അച്ഛന്‍ റൂമില്‍ നിന്നും പുറത്തിറങ്ങി സിബിയോടു യാത്ര പറഞ്ഞു പോയി....ഈ പഹയനെ ഇനി ആഴ്ചയില്‍ രണ്ടു ദിവസം സഹിച്ചാല്‍ മതിയല്ലോ എന്നോര്‍ത്തായിരിക്കും..തിരിച്ചു പോവുന്ന അദ്ധേഹത്തിന്റെ കണ്ണില്‍ എന്തെന്നില്ലാത്ത ഒരു സന്തോഷം തിളങ്ങി നില്‍ക്കുനത് കാണാമായിരുന്നു....
അച്ഛന് പിറകെ സിബിയും പുറത്തിറങ്ങി വന്നു ഞങ്ങളുടെ കൂടെ കൂടി..

'നീ എവിടാ പഠിച്ചത്?' കോട്ടയത്ത്‌ നിന്നും തന്നെ ആയതു കൊണ്ട് ഈ  ചോദ്യം ചോദിച്ചത് ചെറിയാന്‍ ആയിരുന്നു ...
'ബാപ്പുജി സെന്‍ട്രല്‍ സ്കൂള്‍ ' അഭിമാനത്തോടു കൂടെ സിബി പറഞ്ഞു..
സ്കൂളിന്‍റെ പേര് കേട്ടതും  ചെറിയാന്റെ മുഖത്ത്‌ 'പുച്ഛം' ,'ആകാംഷ' ,'അതിശയം', 'ദയനീയം' എന്ന് വേണ്ട എല്ലാവിധ ഭാവങ്ങളും മിന്നിമറയുന്നത് കണ്ടപ്പോ തന്നെ ഞങ്ങള്‍ക്ക് സ്കൂളിനെ കുറിച്ചും ആളെ കുറിച്ചും ഏകദേശം ഒരു ഐഡിയ കിട്ടി....പിന്നീടങ്ങോട്ട് ഒരു  'x-മിലിട്ടറി' യുടെ വൈഭവത്തോട് കൂടെ പഴയ കഥകള്‍ പറയുന്ന സിബിയെ ആണ് കണ്ടത്..സ്കൂളില്‍ പഠിക്കുമ്പോള്‍ പ്രിന്സിപലിനെ ടോയലറ്റില്‍ ഇട്ടു പൂട്ടിയതും... അങ്ങനെ നിരവധി....അത്രക്കും സംഭവബഹുലമായ ഭൂതകാലം ഇല്ലാത്തതു കൊണ്ടാവാം എല്ലാവരും അത് ആകാംഷയോടെ കേട്ടിരുന്നു .....അങനെ സമയം ഒരു 7 :30  ആയപ്പോ എല്ലാവരും താഴെ മെസ്സില്‍ ഭക്ഷണം കഴിക്കാന്‍ പോയി...

ഭക്ഷണം കഴിഞ്ഞു തിരിച്ചു മുകളിലേക്ക് കയറി വരികയായിരുന്ന എന്‍റെ മുമ്പിലേക്ക് പെട്ടന്നോരുതന്‍ ചാടി വീണു ഭയങ്കര വെടിവെപ്പ്..അപ്രതീക്ഷിതമായി സംഭവിച്ചത് കൊണ്ട് ഞാന്‍ ഒന്ന് ഞെട്ടി..നോക്കിയപ്പോ അത് മാറ്റാരും അല്ല ..സിബി..പുള്ളി ഒരു drafter - ഉം  (ഈ ഉപകരണം ആരും മറന്നു പോയിട്ടില്ല എന്ന് വിശ്വസിക്കുന്നു) എടുത്തു വഴിയെ പോവുന്നവരെ എല്ലാം വെടി കൊണ്ട പന്നിയെ പോലെ ഓടിനടന്നു വെടി വെക്കുക ആണ്...സീനിയേര്‍സ് ഒരു പണി കൊടുത്തതാണ്...സംഭവം കണ്ടപ്പോ ചിരി വന്നു എങ്കിലും ഈ ഗതി നമ്മുക്കും വരും എന്നറിയാവുന്നത് കൊണ്ട് മിണ്ടാതെ റൂമിലേക്ക്‌ പോയി.....അങനെ ഇരിക്കുമ്പോള്‍ ആണ് താഴെ ഒരു ആള്‍കൂട്ടം കണ്ടത് ..നോക്കിയപ്പോ അത് പാച്ചിക്ക ഹോസ്റ്റലില്‍ ചേരാന്‍ വന്നതായിരുന്നു..അച്ഛന്‍ അമ്മ അനിയന്‍ പാച്ചിക്ക ..പിന്നെ വണ്ടിയില്‍ സ്ഥലമില്ലത്തത് കൊണ്ടാണോ അതോ വീട്ടില്‍ ഉള്ള ആളുകള്‍ തീര്‍ന്നു പോയത് കൊണ്ടാണോ എന്ന് അറിയില്ല വേറെ ആരും കൂടെ വന്നിട്ടില്ല...അന്ന് എന്തായാലും റാഗിംഗ് പ്രതീക്ഷിച്ചിരുന്നു എങ്കിലും കാര്യമായി ഒന്നും നടനില്ല....

അങ്ങനെ ആ ദിവസം എത്തിച്ചേര്‍ന്നു...ഒക്ടോബര്‍ 11 ..എല്ലാവരും കുളിച്ചു കുട്ടപ്പനായി കോളേജില്‍ പോയി..വയ്കുന്നേരം എല്ലാരും കോളേജ് വിട്ടു നേരെ ഹോസ്റ്റലില്‍ എത്തി...സീനിയേര്‍സ് എല്ലാവരും നമ്മളെ 'നിന്നെ രാത്രി എടുത്തോളാം ' എന്ന ഭാവത്തില്‍ നോട്ടം പാസ്സാക്കി കടന്നു പോയി...രാത്രി ആവേണ്ടി വന്നില്ല ഒരു സീനിയര്‍ എന്നെ വിളിച്ചു കൊണ്ട് പോയി
'cec -salute ' (ഇതൊന്നും ഭാവിയില്‍ അന്യം നിന്നു പോവില്ല എന്ന് വിശ്വസിക്കാം ) പഠിപിച്ചു തന്നു..കൂടെ ഒരു നിര്‍ദേശവും തന്നു ..ജുനിയെര്സ് എല്ലാവരും രാത്രി ആവുമ്പോഴേക്കും ഇത് പഠിക്കണം ... ഞാന്‍ പോയി എല്ലാവരെയും സംഭവം കാണിച്ചു കൊടുത്തു...സംഭവം വളരെ കോമഡി ആണേലും എല്ലാവരും ആത്മാര്‍ഥതയോടെ അത് പഠിച്ചു വെച്ച്..എന്തായാലും അന്ന് മുതല്‍ ഓരോരുത്തരായും കൂട്ടമായും വിളിച്ചു സീനിയേര്‍സ് റാഗിംഗ് തന്നു.... അങ്ങനെ ഒരു ഒന്നര ആഴ്ച കഴിഞ്ഞു കാണും...ഒരു ദിവസം സീനിയേര്‍സ് എല്ലാവര്ക്കും കൂടെ ഒരു പണിയും അതിനു രണ്ടു ദിവസത്തെ സമയവും തന്നു...പണി ഇതാണ്..എല്ലാവരും മലയാളത്തില്‍ ഒരു കഥ എഴുതണം..സാധരണ ഒരു കഥ എഴുതിയാല്‍ പോര.സംഗതി A ആയിരിക്കണം..
ഞാന്‍ ഉള്‍പെടെ എല്ലാവരും റൂമില്‍ പോയി ബുക്കില്‍ നിന്നും ഒരു പേജും കീറിയെടുത്തു എഴുതാന്‍ തുടങ്ങി...' we must suppress it' എന്ന് മോഹന്‍ലാല്‍ പറഞ്ഞ പോലെ എല്ലാവരെയും ഒന്ന് 'suppress'ണം എന്ന് മനസ്സില്‍ ഉറപിച്ചു സിബി താഴെ പോയി ഒരു A4 sheetum വാങ്ങി കഥയെഴുത്ത് തുടങ്ങി. സംഗതി A ആയതു കൊണ്ട് കഥക്ക് വേണ്ടി ഒരു 'thread' കിട്ടാന്‍ ആര്‍ക്കും ബുദ്ധിമുട്ടേണ്ടി വന്നില്ല...സകല മുത്തുച്ചിപ്പി ദൈവങ്ങളെയും മനസ്സില്‍ ധ്യാനിച്ച്‌ ഞാനും ഒരു കഥയെഴുതി...

അങ്ങനെ എല്ലാവരുടെ കഥയും കൂടെ ഒരുമിച്ചു പാച്ചിക്ക സീനിയെര്‍സിനു കൈമാറി..കുറച്ചു കഴിഞ്ഞപ്പോ ജൂനിയേര്‍സ്‌ ആയ ഞങ്ങളെ എല്ലാവരെയും ഒരു റൂമിലേക്ക്‌ വിളിപ്പിച്ചു..അവര്‍ ഓരോ കഥകള്‍ എടുത്തു വായന തുടങ്ങി..എല്ലാവരും അവര്‍ എഴുതിയ കഥ സീനിയെര്‍സിനു ഇഷ്ടപെടുമോ എന്ന് ആകാംഷയോടെ നോക്കി നില്‍ക്കുക്ക ആണ്. കൂട്ടത്തില്‍ ഞാനും ....
'vulgur' ആയിട്ട് ഒന്നും തന്നെ  ഞാന്‍ എഴുതിയിട്ടില്ല എങ്കിലും വായനക്കാരെ പ്രതീക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന രീതിയില്‍ ആണ് ഞാന്‍ കഥ അവസാനിപ്പിച്ചത്....എന്തായാലും ഞാന്‍ എഴുതിയത് സീനിയെര്‍സിനു ഇഷ്ടപ്പെട്ടു..എത്രയും പെട്ടന്ന് അതിന്റെ ബാക്കി എഴുതാന്‍ എന്നോട് പറഞ്ഞു ...അങ്ങനെ ഓരോ കഥയും വായിച്ചു ഒടുവില്‍ അവര്‍ ആ A4 ഷീറ്റില്‍ രചിച്ച മഹാ കാവ്യത്തില്‍ എത്തി ...ആദ്യം വായിച്ച പുള്ളി 'എന്റമ്മോ' എന്ന് പറഞ്ഞു അത് അടുത്ത ആള്‍ക്ക് കൈമാറി..അവിടെയും ഇത് തന്നെ ആയിരുന്നു സ്ഥിതി..അആര്‍ക്കും അത് മുഴുവനും വായിക്കാന്‍ പറ്റിയില്ല..എല്ലാവരും അത്  നീ വായിക്കു എന്ന് പറഞ്ഞു കൈമാറി കൊണ്ടിരുന്നു..ഇതെല്ലം കണ്ടു കൊണ്ട് ഈ കഥയുടെ ഉടമസ്ഥന്‍ ആയ സിബി ഒരു മൂലയില്‍ നില്‍ക്കുകയാണ്....ഒടുവില്‍ ഒരു സീനിയര്‍ തോല്‍വി സമ്മതിച്ചു കൊണ്ട് ആ കഥ സിബിക്ക് തന്നെ കൊടുത്തു...എന്നിട്ട് ഇത് നീ തന്നെ വായിച്ചു കേള്പിക്ക് എന്നായി ...
 സിബി പതുക്കെ പേപ്പര്‍ കയ്യിലെടുത്തു..എന്നിട് ശബ്ദം ശേരിയാകാന്‍ ഒരു ചെറിയ ഒരു ചുമയും പാസ്സാക്കി ..പിന്നെ അഭിമാനത്തോടു കൂടെ തന്‍റെ കലാസ്രിഷ്ടി മറ്റുള്ളവര്‍ക്ക് വായിച്ചു കേള്‍പ്പിക്കാന്‍ തുടങ്ങി ...
കഥ ഇങ്ങനെ ..
" വര്‍ക്കിച്ചന്‍ അയാളുടെ നാട്ടിലെ ഒരു പണക്കാരന്‍ ആണ്..അന്നും പതിവ് പോലെ വര്‍ക്കിച്ചന്‍ രണ്ടു സ്മാള്‍ അടിച്ചു .എന്നിട്ട് വര്‍ക്കിച്ചന്‍ തന്‍റെ വെപ്പാട്ടികളുമായി സ്വിമ്മിംഗ് പൂളിലേക്ക് പോയി..വര്‍ക്കിച്ചന്‍ പതുക്കെ..#$% @#$ #$#% #$%$% @#$@#$ %#$%  #$%#$6 @#$$ ^%^ %$$%^ @#$@ @#$ @$@#$@ @#$@#$ #$@$@#$^#%$% @$@#$ $%#$%#$@ %@#$%#$ %$%$% %$%#$% @#$@# @#$@# ^&^@ !@#@ $%^$%# @#$@# ......"
പിന്നീടങ്ങോട്ട് 'ക'കാരവും  'മ'കാരവും 'പ'കാരവും എന്ന് വേണ്ട എല്ലാ വിധ കാരങ്ങളും ചേര്‍ത്ത് ഒരു മഹാകാവ്യം .....ഈ വിഷയത്തില്‍ പൊതുവിജ്ഞാനം  കുറവായ പലരും ..' ഈശ്വര ഇങ്ങനെയും  ഉണ്ടോ ' എന്ന് ആലോചിച്ചു പോയി..
കഥ വായിച്ചു കഴിഞ്ഞ സിബി പതിയെ മുഖമുയര്‍ത്തി എല്ലാവരെയും നോക്കി. ആ മുഖത്ത് ഒരു ലോട്ടറി അടിച്ചവന്റെ സന്തോഷം.. കുറച്ചു നേരത്തേക്ക് ആരും ഒന്നും മിണ്ടിയില്ല ..എല്ലാവരുടെയും മുഖത്ത് ഒരു മ്ലാനത..
ഒരു സീനിയര്‍ ആ പേപ്പര്‍ തിരിച്ചു വാങ്ങിച്ചു ഒന്ന് തിരിച്ചും മറച്ചും നോക്കി....ഇത്രക്കും എഴുതിയിട്ടും നിനക്ക് കഥക്ക് ഒരു പേര് ഇടാന്‍ പറ്റിയല്ലേ എന്ന ചോദ്യവും...
തന്‍റെ ഭാഗത്ത്‌ നിന്നും ഒരു വീഴ്ച പറ്റിപ്പോയി എന്ന് മനസിലാക്കിയ സിബി ഉടന്‍ തന്നെ 'അയ്യോ ചേട്ടാ സോറി..പെട്ടന്ന് എഴുതിയപ്പോ മറന്നുപോയതാ .ഇപ്പൊ എഴുതി തരാം' എന്ന് പറഞ്ഞു പേപ്പര്‍ തിരിച്ചു വാങ്ങി...
എന്നിട്ട് ഒന്നും ആലോചിക്കാതെ പേപ്പര്‍ എടുത്തു ചുമരില്‍ ചേര്‍ത്ത് പിടിച്ചു വെണ്ടയ്ക്ക അക്ഷരത്തില്‍ ഇതും കൂടെ ചേര്‍ത്തു.." വര്‍ക്കിച്ചനും വെപ്പാട്ടികളും "..

 ----------------------------------------------------------------------------------------------------------------------------

" വായനക്കാരുടെ പ്രത്യേക ശ്രദ്ധക്ക്... സിബി മാത്യു എന്ന പേരില്‍ ഒരാള്‍ ശെരിക്കും ജര്‍മ്മനിയില്‍  ജീവിച്ചിരിപ്പുണ്ടെന്നും മാത്രമല്ല പുള്ളി നേരിട്ട് എന്നെ മെയില്‍ അയച്ചു ബന്ധപെടുകയും പേര് മാറ്റണം എന്ന് ആവശ്യപെടുകയും ചെയ്ത സ്ഥിതിക്ക് സിബി മാത്യു എന്നതിന് പകരം വല്ല വിക്രമാനോ മുത്തുവോ  അങ്ങനെ എന്തെങ്കിലും ഒരു പേര് വെച്ച് ഈ കഥ ഒന്ന് കൂടെ വായിക്കണം എന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.."